Tuesday, March 6, 2007

കോമളന്റെ ഉറക്കം, അമ്മുവിന്റെ കണ്ടെത്തല്‍...

തടത്തില്‍ രാഘവന്‍ എന്നു പറഞ്ഞാല്‍ അന്ന് കേച്ചേരിയില്‍ ഒരുവിധം എല്ലരും അറിയ്യും, അവിടുത്തെ പാടമായ പാടങ്ങളും പറമ്പായ പറമ്പുകളും രാഘവേട്ടനു സുപരിചിതമാണ്. നേരം പരപരവേളുക്കുമ്പോ തോളില്‍ തൂക്കിയിട്ട വട്ടിയും കയ്യില്‍ കൈക്കോട്ടും പിക്കാസുമായൊള്ള രാഘവേട്ടന്‍ എന്ന ആ ആജാനുബാഹുവിന്റെ നടത്തം ആ ഗ്രാമത്തിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്. കണ്ടം പൂട്ടല്‍, പറമ്പു കിളക്കല്‍, മരം മുറിക്കല്‍, കുളംവ്രത്തിയാക്കല്‍ തുടങ്ങി കിണറ്റില്‍ പാറവെടിവെക്കുന്നതടക്കം രാഘവേട്ടന്റെ കയ്യില്‍ ചെപ്പടിവിദ്യകളേറെയുണ്ട്...

പണ്ടെങ്ങോ കേച്ചേരിക്ക് കുറച്ചപ്പുറം വേലൂരില്‍ പാറപൊട്ടിക്കാന്‍ പോയ രാഘവേട്ടന്‍ രാത്രി തിരിച്ചെത്തുമ്പോ കൂടെ ഒരു പെണ്ണൂം ഉണ്ടായിരുന്നു, അതാണ് തങ്കമ്മേച്ചി നമ്മുടെ രാഘവേട്ടന്റെ സഹധര്‍മ്മിണി. രാഘവേട്ടന്‍ പാറക്കിട്ടു വെച്ചവെടി ലക്ഷ്യം തെറ്റി തങ്കമ്മേച്ചിക്കാണു കൊണ്ടതെന്നും അങ്ങനെയാണ് തങ്കമ്മേച്ചി രാഘവേട്ടന്റെ കൂടെ പോന്നതെന്നും പിന്നാമ്പുറ കഥകള്‍.,

അമ്മുക്കുട്ടി വീരേതിഹാസത്തില്‍ ഈ രാഘാവേട്ടനും തങ്കമ്മേച്ചിക്കും എന്തുകാര്യം എന്നോര്‍ത്ത് നിങ്ങള്‍ തലചൂടാക്കണ്ട. ഇവരില്ലാതെ അമ്മുക്കുട്ടിയില്ല, അമ്മുക്കുട്ടിയില്ലാ‍തെ ഇവരും., രാഘവന്‍ തങ്കമ്മ ദമ്പതികളുടെ മൂന്ന് സന്താനങ്ങളില്‍ ഏറ്റവും ഇളയതാണ് നമ്മുടെ കഥാനായിക അമ്മുകുട്ടി. അമ്മുക്കുട്ടിയെ പടിപ്പിചു വലുതാക്കി പൊറിഞ്ചുമാപ്പിളയുടെ റേഷന്‍ കടയില്‍ കണക്കെഴുത്തു പണിവാങ്ങികൊടുക്കണം എന്ന ആ ദമ്പതികളുടെ ആഗ്രഹം സാധിപ്പിക്കാന്‍ അയല്‍വാസിയായ രാധടീച്ചറടക്കം രാഘവേട്ടനെ അറിയാവുന്ന അന്നാട്ടിലെ എല്ലാ അദ്ധ്യാപകരും കിണഞ്ഞു ശ്രമിച്ചിട്ടും നടന്നില്ല എന്നത് ഒരു പരമമായ സത്യമാണ്. എന്തായാലും അമ്മുക്കുട്ടി ആ വീടിന്റെ വിളക്കാ‍ണ്, അമ്മുക്കുട്ടി കരഞ്ഞാല്‍ ആ വീടു കരയും, അമ്മുക്കുട്ടി ചിരിച്ചാല്‍ ആ വീടു ചിരിക്കും. എന്തായാലും ഇത്രേം പറഞ്ഞ സ്ഥിതിക്ക് പണ്ട് നമ്മുടെ അമ്മുകുട്ടി അച്ചനമ്മമാരെകൂട്ടി ഒരു യാത്ര പോയി ആ കഥകൂടി പറയാം...

അമ്മുകുട്ടിക്ക് അന്ന്‌ വയസ്സ് മൂന്ന്.,

അമ്മുകുട്ടിയും അമ്മയും അച്ചനും കൂടി ബസ്സില്‍ പോകുന്നതാണ്‌ രംഗം...

സ്ത്രീകളുടെ സീറ്റിലെ അവസാന വരിയിലാണ്‌ അവര്‍ ഇരുന്നത്...

ബസ്സിന്റെ വിന്‍ഡോ സീറ്റില്‍ അമ്മ, തൊട്ടടുത്ത് അച്ചന്‍, അമ്മയുടെ തോളില്‍ പാതിമയക്കത്തില്‍ കിടക്കുന്ന അമ്മുകുട്ടി...
പിന്നിലെ സീറ്റില്‍നിന്നും നീണ്ടുവന്ന ഒരു കൈ അമ്മുകുട്ടിയുടെ അമ്മയുടെ ദേഹത്ത് എവിടെയോ സ്പര്‍ശിക്കുന്നു..

അമ്മ ദേഷ്യത്തോടെ തിരിഞ്ഞു നോക്കുന്നു..തൊട്ടു പുറകിലെ സീറ്റില്‍ രണ്ട് കോളേജ് കോമളന്‍സ്.. പക്ഷേ, രണ്ടാളും നല്ല ഉറക്കത്തില്ലാണ്..'അപ്പോപിന്നെ തന്നെ സ്പര്‍ശിച്ച കൈ.? ഉറക്കത്തില്‍ അറിയാതെ ആവുമോ..?" അമ്മുന്റെ അമ്മക്ക് സംശയം...

ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും ആ കൈ അമ്മക്കു നേരെ..അമ്മ അച്ചനോട് കാര്യം പറഞ്ഞു, അച്ചന്‍ തിരിഞ്ഞ് നോക്കിയപ്പോഴും കോമളന്‍സ് ഉറങ്ങുന്നു, അഥവാ ഉറക്കം നടിക്കുന്നു.

കുറച്ചു സമയത്തിനു ശേഷം അതില്‍ ഒരു കോമളന്‍ പതുക്കെ കണ്ണു തുറന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നു...അമ്മയുടെ തോളില്‍ കിടന്നുകൊണ്ട് അമ്മുക്കുട്ടി അത് കാണുന്നു.. അവളുണ്ടോ അറിയുന്നു പ്രശ്നത്തിന്റെ തീവ്രത..? അവള്‍ കണ്ട കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു.. “അമ്മേ അമ്മേ ദേ ആ ചേട്ടന്‍ കണ്ണു തുറന്നു"

ബാക്കി ഞാന്‍ പറയണോ.???


പാവം ചേട്ടന്‍...

പാവം അമ്മുകുട്ടി....

ഒരു പെര്‍മ്മനന്റ് പ്രഗ്‌നന്‍‌സി..

കേച്ചേരി സെന്ററില്‍ ബസ്സിറങ്ങി കിഴക്കോട്ടു നടന്നാല്‍ വലത്തേ ഭാഗത്ത് ആറാമത്തെ ഇലട്രിക്ക് പോസ്റ്റ്, വൈദ്യുതിവകുപ്പു പോയിട്ട് പുരാവസ്തു ഗവേഷണ വകുപ്പുപോലും കണ്ടാല്‍ തൊടാന്‍ ഭയക്കുന്ന ആ പോസ്റ്റിന്റെ അരികില്‍ ഇളം മഞ്ഞപെയിറ്റടിച്ച ചെറിയൊരു മതില്‍ക്കെട്ടോടു കൂടിയ ഓടുമേഞ്ഞൊരു ഇരുനില കെട്ടിടം, പുളിഞ്ചോട്ടില്‍ തറവാട്, തിരിയിട്ടു തിരഞ്ഞാല്‍ പോലും പുളിമരും പോയിട്ട് ഒരു പുളിങ്കുരുപോലും ആ വീടിന്റെ പരിസരത്തെങ്ങും കാണില്ല, എന്നാലും നാട്ടുകാര്‍ക്കത് പുളിഞ്ചോട്ടില്‍ വീടാണ്, അതെന്താ അങ്ങനെ എന്നു ചോദിച്ചാല്., "ആ" അതങ്ങനെയാ..

പുളിഞ്ചോട്ടില്‍ വീട്, നമ്മുടെ അമ്മുക്കുട്ടിയുടെ സ്ഥിരവിഹാര കേന്ദ്രങ്ങളില്‍ ഒന്ന്, അവിടെ ആകെയുള്ളത് കയ്യുമ്മയും കുറേ ആടുമാടുകളും മാത്രം, കദിജകുട്ടി എന്നു മാതാപിതാക്കളിട്ട നല്ലൊരുപേരിനെയാണ്‌ നാട്ടുകാര്‍ ചവിട്ടികുറുക്കി കയ്യുമ്മയാക്കിയതെങ്കിലും അതിലൊന്നും ആരോടും ഒരു പരിഭവവും ഇല്ലാതെ കയ്യുമ്മ ആ വീട്ടില്‍ നിറഞ്ഞു നില്‍കുന്നു. കയ്യുമ്മക്കു മക്കള്‍ രണ്ട്, ഒരാണും ഒരു പെണ്ണും, മോന്‍ മൊയ്തീന്‍ ജോലിയാവശ്യത്തിനു ബോബെക്കാണെന്നു പറഞ്ഞ് മുങ്ങിയിട്ട് പൊന്തിയത് ഒമാനില്‍, ഇപ്പോ അവിടെ കുടുംബസമേതം സസുഖം വാഴുന്നു., ഒരു മോളുള്ളതിനെ കെട്ടിച്ചുവിട്ടിട്ടും അവള്‍ പൂച്ചയെ നാടു കടത്തിയ അവസ്ഥയില്‍ ആയിരുന്നു., കയ്യുമ്മ എത്ര കഷ്ടപെട്ടു ബുദ്ധിമുട്ടി അവളെ പുയ്യ്യാപ്ലേന്റെ വീട്ടില്‍ കൊണ്ടാക്കിയാലും മൂന്നിന്റന്നു അവളിങ്ങു പോരും, അവിടെ നാത്തൂന്റെ വക നാത്തൂന്‍പോരെന്ന് ഇവളും, ഇവളുടെ സ്വഭാവം നന്നല്ലെന്നു നാത്തൂനും (ചുമ്മാതാണോ "രണ്ട് തല തമ്മില്‍ ചേര്‍ന്നാലും നാലും മൊല തമ്മില്‍ ചേരില്ലെന്നു" പണ്ടാരോ പറഞ്ഞത്), ഒടുക്കം ഓള്‍ടെ പുത്യാപ്ല പുളിഞ്ചോട്ടില്‍ വീടിന്റെ അടുത്തായി കൊറച്ചു സ്ഥലം വാങ്ങി അതില്‍ ഒരു വീടും വെച്ചു. എന്തിനേറേ പറയണു പുളിഞ്ചോട്ടില്‍ വീട്ടിലിപ്പോ കയ്യുമ്മാക്ക് കൂട്ട് ആ ആടുമാടുകളും, ഒരു കൈസഹായത്തിനെന്നും പറഞ്ഞ് ഇടക്കിടെ വരുന്ന നമ്മുടെ അമ്മുകുട്ടിയും...

കയ്യുമ്മാന്റെ മോളിപ്പോ പുത്യാപ്ലേന്റെപ്പൊം അങ്ങ് ദുഫായിലാണ്, വിസിറ്റിങ്ങിനാണെന്നും പറഞ്ഞ് പോയിട്ടിപ്പോ മാസം ഏഴാവുന്നു. എന്നു വിളിച്ചാലും പറയും "ഉമ്മാ ഇക്ക വിസ പെര്‍മ്മനന്റ് ആക്കാന്‍ ശ്രമിക്കുന്നൊണ്ട്, അത് ശരിയായില്ലേല്‍ ഞാന്‍ അടുത്തമാസംവരും, ഇങ്ങള്‌ സമയം കിട്ടുമ്പോ നമ്മുടെ അമ്മുകുട്ടിനെം കൂട്ടിപ്പോയി വീടൊക്കെ ഒന്നു തൂത്ത്തുടച്ചിടണം".. അങ്ങനെയാണ്‌ അന്ന് അമ്മുക്കുട്ടിയെം കൂട്ടി വീട് വൃത്തിയാക്കാനായി പോകാന്‍ കയ്യുമ്മ തീരുമാനിച്ചത്. പോകുന്നപോക്കില്‍ വഴിയില്‍ കാണുന്നവരൊക്കെ കയ്യുമ്മാട് വിശേഷങ്ങല്‍ അന്വേഷിച്ചുകൊണ്ടിരുന്നു, കുട്ടത്തില്‍ ഒരു പ്രധാന ചോദ്യവും "എന്താ കയ്യുമ്മ, പെട്ടന്നിങ്ങു വരും എന്നു പറഞ്ഞ് പോയിട്ട് മോളിതുവരെ വന്നില്ല്യോ..?" തെല്ലു വെഷമത്തോടെയാണേലും കയ്യുമ്മ പറയും "എന്തു പറയാന, ഓള്‍ടെ പുത്യാപ്ല വിസാ പെര്‍മ്മനന്റ് ആക്കാന്‍ നോക്കണൊണ്ടത്രെ, അത് ശരിയായില്ലെല്‍ അടുത്ത മാസം ഓളിങ്ങുപോരും." കയ്യുമ്മ പറയുന്നതെന്താണെന്നു മനസിലായില്ലേലും അമ്മുക്കുട്ടിയും താളത്തിനു തലയാട്ടും.,

മോള്‍ടെ വീടിന്റെ പടികടന്ന് അകത്തേക്ക് കടക്കുമ്പോഴാണ് അയല്‍വാസിയും നാട്ടിലെ അറിയപ്പെടുന്ന ഒരു പൊതു പ്രവര്‍ത്തകനുമായ വാസുവേട്ടനെ കണ്ടത്. കയ്യുമ്മാടെ വിശേഷങ്ങള്‍ തിരക്കുന്നതിനിടയില്‍ അയാളും ചോദിച്ചു ആ ചോദ്യം. "എന്താ കയ്യുമ്മ, പെട്ടന്നിങ്ങു വരും എന്നു പറഞ്ഞ് പോയിട്ട് മോളിതുവരെ വന്നില്ല്യോ..?"., പക്ഷേ വാസുവേട്ടനേയും കയ്യുമ്മയേയും ഞെട്ടിച്ചുകൊണ്ട് ഇത്തവണ മറുപടി പറഞ്ഞത് അമ്മുക്കുട്ടിയാണ്.

“മോളേ പ്രെഗ്‌നന്റാക്കാന്‍ മരുമകന്‍ ശ്രമിക്കുന്നൊണ്ട്, അത് ശരിയായില്ലേല്‍ അവരടുത്തമാസമിങ്ങു പോരും“

അമ്മുക്കുട്ടിയുടെ വാചകം കേട്ട് ഷോക്കടിച്ച പോലെ നിന്ന കയ്യുമ്മടെ കയ്യീന്നു വീടിന്റെ ചാവിയും വാങ്ങി നടക്കുമ്പോ പാവം അമ്മുക്കുട്ടി അറിഞ്ഞിരുന്നില്ല താന്‍ പറഞ്ഞ വാക്കിന്റെ അര്‍ത്ഥവും ആ വാക്കിനാല്‍ ആ വാചകത്തിനു വന്ന മാറ്റത്തിന്റെ വ്യാപ്തിയും

“പാവം അമ്മുക്കുട്ടി.."

Monday, March 5, 2007

കിളി അഥവാ കിളി

അമ്മുകുട്ടിക്ക് ചെറുപ്പം മുതലേ കിളിയോട് വല്ലാത്ത ഭയവും ബഹുമാനവുമാണ്..കിളി., കളകൂജനങ്ങളോടെ പാറിപറക്കുന്ന.. മരച്ചില്ലകളില്‍ ഇരുന്ന് കൊക്കുരുമ്മി സല്ലപിക്കുന്ന ആ കിളി... ആ കിളിയല്ല ഈ കിളി... ഈ കിളി എന്നാല്‍ ആ കിളിയേക്കാള്‍ പോപ്പുലര്‍ ആയ മറ്റൊരു കിളി., നാട്ടില്‍ ഓടുന്ന സകലമാന ബസ്സുകളുടെയും അല്ലര്‍ ചില്ലറ ജീപ്പുകളുടെഉയും കവാടങ്ങളില്‍ തൂങ്ങി ജീവിതം ധന്യമക്കുന്ന ഈ കിളി... അതെ, കിളി എന്നു നമ്മള്‍ ചുരുക്കി വിളിക്കുന്ന സാക്ഷാല്‍ ക്ലീനര്‍...
.
ഇത്രയും ആളുകളെയും വഹിച്ചു പോകുന്ന ബസ്സിന്റെ ഒരു ചരടിന്റെ അറ്റതു കെട്ടിയ കേവലം ഒരു മണികൊണ്ട് നിയന്ത്രിക്കുന്ന കിളിയോട് അമ്മുകുട്ടിക്ക് ആരാധനയും, ബസ്സിന്റെ മുന്നില്‍ ഒരു മൂലയില്‍ ഒരു വളയവും പിടിച്ച് കസേരയില്‍ ചാരി ഇരുന്ന്‌ എതിരെ വരുന്ന വണ്ടികള്‍ക്ക് ഹോണടിച്ച് കൊടുക്കാനും ഇടക്കിടക്ക് അടുത്തു കാണുന്ന ആ വടിയില്‍ പിടിച്ചു വലിക്കാനും ഇരിക്കുന്ന ഡ്രൈവറോട് അമ്മുകുട്ടിക്കെ പുച്ഛവും തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം.. അല്ലെ.? "ഓഹ് പിന്നെ ഡ്രൈവറ്, ആ പാവം കിളിയില്ലേല്‍ ഡ്രൈവര്‍ എങ്ങനെ വണ്ടി നിര്‍ത്തുകേം ഓട്ടുകേം ചെയ്യും.? ചുമ്മാ ആ വളയം പിടിച്ചിരുന്നാല്‍ വണ്ടി ഓടുവോ, ഹല്ല പിന്നെ..."
.
കേച്ചേരിക്കും എരന്നെല്ലൂരിനും ഇടയിലാണ്‌ അമ്മുവിന്റെ വീട്.. ഒരിക്കല്‍ എരന്നല്ലൂരില്‍ എണ്ണയാട്ടാന്‍ പോയി വരുമ്പോ അമ്മുവിനൊരു പൂതി, ഇവിടുന്നു കേച്ചേരിക്ക് ബസ്സില്‍ പോയി അവിടുന്നു തിരിച്ചു നടന്നാല്‍ എന്താ..? രണ്ടും കല്‍പ്പിച്ച് അമ്മു ബസ്സില്‍ കേറി..
.
ബസ്സ് പുറപ്പെട്ടപ്പോഴാണ്‌ അമ്മു ഓര്‍ത്തത് 'എന്റെ പറപ്പൂകാവിലമ്മേ.., ഈ എണ്ണ പാത്രോം കൊപ്രച്ചാക്കും താങ്ങി ഞാന്‍ കേച്ചേരീന്ന് എന്റെ വീടുവരെ നടക്കണ്ടായോ'ഒന്നാലോചിച്ചപ്പോ അമ്മുവിന്റെ തലയില്‍ ഒരു ബുദ്ധിതോന്നി.. തന്റെ ആരാധനാ പാത്രമായ കിളിയോട് ഒന്നു പറഞ്ഞാലോ...
.
കയ്യില്‍ ഒരു ചാക്കുകെട്ടുമായി തന്റെ അടുത്തുവന്നു തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ഗ്രാമീണ സുന്ദരിയെ കണ്ടപ്പോള്‍ സുമുഖനും സുന്ദരനുമായ കിളിക്കു രോമാഞ്ചം. അവന്‍ ഒരു നിമിഷം അവളെയും കൊണ്ട് ഏതോ ഗാനരംഗത്തിന്റെ സെറ്റിലേക്കു പറന്നു...
.
"ചേട്ടാ, ആ ട്രാന്‍സ്ഫോര്‍മറിന്റെ പൊറകിലാ എന്റെ വീട്, അവിടെ എത്തുമ്പോ ഈ മണിയടിച്ച് ചേട്ടന്‍ വണ്ടി ഒന്നു നിര്‍ത്താവോ.?" സ്വപ്ന സഞ്ചാരത്തിനിടയില്‍ അമ്മുവിന്റെ കിളിമൊഴി അവന്‍ കേട്ടു...
.
"അയ്യോ അത് പറ്റില്ലാ., ഡ്രൈവറുകേട്ടാല്‍ എന്നെ ചീത്ത പറയും അയാളു നിര്‍ത്തത്തില്ലാ" പാവം കിളി, അവന്‍ നിസ്സഹായനാണ്..
.
"ഓഹ് ഒരു ഡ്രൈവര്‍, അയാളോട് പോകാന്‍ പറ ചേട്ടാ., ചേട്ടന്‍ അയാള്‌ കേള്‍ക്കാതെ ഒരു മണിയങ്ങ് അടിച്ചേക്കൂ.." കിളി ഫ്ലാറ്റ്, അവന്‌ പിന്നെ മണിയടിക്കാതെ വേറെ വഴി ഇല്ലാരുന്നു...
പാവം അമ്മുക്കുട്ടി...
പാവം കിളി...

താ‍ലപ്പൊലിയും തേങ്ങാപൂളും

ഈ കഥ പണ്ട് ഞാന്‍ എവിടെയോ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ, എന്നാലും അമ്മുകുട്ടിയെ പറ്റി ഒരു ബ്ലോഗ് തുടങ്ങിയിട്ട് ആദ്യായിട്ടു പറയുന്ന കഥയില്‍ കൊറച്ചു ഭക്തിമാര്‍ഗ്ഗം ചേര്‍ത്തേക്കാം എന്നു വെച്ചു. അപ്പോ നമുക്കു തുടങ്ങാം.
.
അമ്മുകുട്ടിക്കന്ന് വയസ്സ് 15, നല്ല മധുരമുള്ള പ്രായമാണെങ്കിലും ഗ്രാമത്തിന്റെ പൊന്നോമനയായ ആ മധുരത്തെ കമറ്റടിച്ചാലുള്ള ഭവിഷത്തോര്‍ത്ത് ആ ഗ്രാമത്തിലെ എന്നല്ല ആ പഞ്ചായത്തിലെ പോലും ആണായിപിറന്ന ഒരുത്തനും അതിനു മുതിരാത്തകാലം, എല്ലാവര്‍ക്കും ഒരു കൊച്ചനുജത്തിയായി അമ്മുക്കുട്ടി നിറഞ്ഞു നില്‍ക്കുന്ന കാലം‌.
.
അന്ന് ഞങ്ങടെ നാട്ടിന്‍ പുറത്തെ അമ്പലത്തില്‍ അയ്യപ്പന്‍ വിളക്ക്, കലാ(പ) പരിപാടികള്‍ തുടങ്ങാന്‍ സന്ധ്യയാവണം, നാട്ടില്‍ ഒരു വിശേഷമുണ്ടായാല്‍ അത് അമ്പലമായാലും പള്ളിയാ‍യാലും ജാതിമതഭേതമന്യേ സകലമാന യുവകോമളന്മാരും ഉത്സാഹകമ്മിറ്റിയുടെ ആവേശത്തിമിര്‍പ്പില്‍ പങ്കുചേരാറുണ്ട്, രാവിലെ അമ്പലത്തിലേക്കുള്ള നടവഴിയില്‍ തോരണം കെട്ടികൊണ്ടിരിക്കേയാണ് അമ്മുക്കുട്ടി വന്നു പറഞ്ഞത് "ചേട്ടന്മാരെ, ഇന്ന് വൈകീട്ട് അമ്പലത്തില്‍ താലപ്പൊലി കാണാന്‍ എല്ലാരും വരണം., ഞാനും താലം എടുക്കണൊണ്ട്, ഇന്നലെ അച്ചനെനിക്കു പച്ചപട്ടുപാട വാങ്ങിതന്നു, കാണണോങ്കീ വാ"
.
വൈകീട്ട് ഞാന്‍ കൂട്ടുകാരുമൊത്ത് കലുങ്കില്‍ ഇരിക്കുമ്പോ, കയ്യില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ ഒരു കഷ്ണം തേങ്ങയും ഒരു കുപ്പിയില്‍ കൊറച്ച് എണ്ണയുമായി പച്ചപട്ടുപാവാടയില്‍ പൊതിഞ്ഞ ആ സുന്ദര രൂപം അമ്പലത്തിലേക്ക് പോകുന്നത് കണ്ടു. കണ്‍കോണില്‍ ഒരു ചോദ്യവും ഒളിപ്പിച്ച് അവള്‍ ഞങ്ങളെ നോക്കി: 'വരില്ലേ..?'

താലപ്പൊലി തൊടങ്ങാന്‍ കൊറച്ചു വൈകി.. എന്നാല്ലും കയ്യില്‍ താലവുമായി വരുന്നു അമ്മുക്കുട്ടിയെ കാണാലോ എന്നു കരുതി ഞങ്ങള്‍‍ കാത്തു നിന്നു. കോമരത്തിന്റെയും മറ്റു നാടന്‍ കലാശീലുകളുടെയും അകമ്പടിയോടെ താലപ്പൊലി ഞങ്ങളെ കടന്നു പ്പോയി എന്നിട്ടും അമ്മുകുട്ടിയെ മാത്രം ഞങ്ങള്‍‍ കണ്ടില്ല..'ദൈവമേ ഇതെന്തു മറിമായം.?

കുറച്ചു കഴിഞ്ഞു ഇല്ലത്തെ ഇടവഴിയില്‍ വെച്ച് അമ്മുകുട്ടി ആ സത്യം ഞങ്ങളോട് തുറന്നു പറഞ്ഞു.. "എന്തു ചെയ്യാനാ ചേട്ടന്മാരെ, കാത്തിരുന്നു മുഷിഞ്ഞപ്പോ കയ്യിലിരുന്ന തേങ്ങാ പൂളില്‍ ഞാന്‍ ഒന്ന് കടിച്ചു, കടിച്ച തേങ്ങയില്‍ ഭാഗവതിക്ക് താലം എടുക്കാന്‍ പാടില്ലാന്ന് കമ്മിറ്റിക്കാര്‍ ആദ്യം പറയണ്ടായോ.??"

"പാവം അമ്മുക്കുട്ടി"
.
.
“പാവം അമ്പല കമ്മിറ്റി”